Sunday, March 16, 2008

വളപ്പൊട്ടുകള്‍

കുഞ്ഞുനാളുകളിലെ ചെറിയ ലോകത്ത്‌ അവളെപ്പോഴും വളപ്പൊട്ടുകളിലെ വര്‍ണ്ണ വൈവ്യധ്യത്തെ കുറിച്ചും, വെള്ളാരം കല്ലിന്റെ മിനുസത്തെ പറ്റിയും, തൊടിയില്‍ നിറഞ്ഞു നില്‍ക്കുന്ന കുഞ്ഞുപുക്കളെയും ശലഭങ്ങളുടെ ഭംഗിയെ കുറിച്ചുമാണ്‌ പറയാറുള്ളത്‌. മൂവ്വാണ്ടന്‍ മാവിന്റെ ഉച്ചിയിലെ പഴുത്ത മാങ്ങക്കുവേണ്ടി ഞാനെറിഞ്ഞ കല്ല് കൊണ്ട്‌ അവളുടെ നെറ്റിയിലുണ്ടായ മുറിവിന്‍ പാടിലേയ്ക്ക്‌ കുറ്റബോധം നിറയുന്ന സ്നേഹത്തോടെ നോക്കികൊണ്ട്‌ അവളുടെ കുഞ്ഞു ചോദ്യങ്ങള്‍ക്കെപ്പോഴും എന്റെ ഭാവനക്കനുസരിച്ച്‌ ഉത്തരങ്ങള്‍ നല്‍കി കണ്മഷിപരന്ന ആ കണ്ണുകളില്‍ സന്ദേഹത്തിന്റെ കുഞ്ഞുനക്ഷത്രങ്ങളെ ഞാന്‍ വിരിയിക്കുമായിരുന്നു.


പിന്നെ സമയചക്രങ്ങളുടെ സ്കൂള്‍ ദിനങ്ങള്‍ക്കിടയിലെപ്പോഴോ അവള്‍ പെട്ടെന്ന് മാഞ്ഞു മറഞ്ഞു പോകുന്ന സ്വപ്നങ്ങളെ പറ്റി, അവള്‍ കുത്തിയ പൊട്ടിന്റെ കൃത്യതയിലെ സന്ദേഹത്തെ പ്രതി, അഛന്‍ ബോംബയില്‍ നിന്ന് കൊണ്ട്‌ വന്ന പുതിയ പട്ടു പാവാടയിലെ സില്‍ക്കുനൂലിന്റെ തിളക്കത്തെ കുറിച്ച്‌, എന്റെ ഷര്‍ട്ടിന്റെ നഷ്ടപ്പെട്ട ബട്ടനെയും ട്രൗസറില്‍ പറ്റിയ ചെളിയെയും, ഗുണനപ്പട്ടിക മനപാഠം പഠിക്കാത്തതിന്‌ പ്രഭ ടീച്ചറില്‍ നിന്ന് എനിക്ക്‌ കിട്ടിയ ചുട്ട അടിയെ കുറിച്ച്‌ അവള്‍ സംസാരിക്കുകയും, വാങ്ങിക്കുന്ന നാരങ്ങസത്ത്‌ മിട്ടായി ഒറ്റയാകുന അവസരത്തില്‍ അവളുടെ പാവാടതുബു ചേര്‍ത്ത്‌ കടിച്ച്‌ കൃത്യമായി അല്ലെങ്കില്‍ അധികഭാഗം എനിക്ക്‌ പങ്കുവെക്കുകയും ചെയ്യുമായിരുന്നു.

ബാല്ല്യാത്തില്‍ നിന്നും കൗമാരത്തിലേയ്ക്കുള്ള സുകൂള്‍ പടവുകളില്‍ എവിടെയോ വെച്ച്‌ അന്ത്രുമാന്‍ എന്ന അബ്ദുറഹ്മാനാണ്‌ ഞാന്‍ പെണ്‍കുട്ടികളെ കൂടെ നടക്കുന്ന പെണ്‍കോന്തനാണ്‌ എന്ന് പറഞ്ഞത്‌. പിറ്റേന്ന് ഓത്ത്‌ പള്ളിവിട്ട്‌ രേവതിയെ കൂട്ടാതെ മണ്ടുംബോള്‍ പിറകില്‍ നിന്നും അമ്മ വിളിക്കുനത്‌ കേട്ടില്ലെന്ന് നടിച്ചു. മുന്‍പേ പോകുന്ന റസാക്കിനും കുട്ടനുമൊപ്പമെത്തി തിരിഞ്ഞ്‌ നോക്കുംബോള്‍ ജമീല, ഷൈനി, മൈമൂനയുടെയുമൊപ്പം നടന്നുവരുന്ന രേവതി എന്നെ മാടി വിളിക്കുന്നുണ്ടായിരുന്നു. കണ്ടില്ലെന്ന് നടിച്ച്‌ തിരിയുംബോള്‍ എന്റെ മനസ്സില്‍ സങ്കടം കൊണ്ട്‌ നിറയുന്ന കണ്ണുകളും നെറ്റിയിലെ മുറിപ്പാടുമായി രേവതി നില്‍പ്പുണ്ടായിരുന്നു....എന്തേ അതിപ്പോഴും നീറ്റുന്ന ഒരോര്‍മ്മയായി, ഒട്ടും പൂപ്പല്‍ പിടിക്കാത്ത ചിത്രമായി കാലത്തിനിപ്പുറവും എന്റെ നെഞ്ചില്‍ ...?

10 comments:

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

തിരിഞ്ഞ്‌ നോക്കുംബോള്‍ ജമീല, ഷൈനി, മൈമൂനയുടെയുമൊപ്പം നടന്നുവരുന്ന രേവതി എന്നെ മാടി വിളിക്കുന്നുണ്ടായിരുന്നു. കണ്ടില്ലെന്ന് നടിച്ച്‌ തിരിയുംബോള്‍ എന്റെ മനസ്സില്‍ സങ്കടം കൊണ്ട്‌ നിറയുന്ന കണ്ണുകളും നെറ്റിയിലെ മുറിപ്പാടുമായി രേവതി നില്‍പ്പുണ്ടായിരുന്നു....എന്തേ അതിപ്പോഴും നീറ്റുന്ന ഒരോര്‍മ്മയായി, ഒട്ടും പൂപ്പല്‍ പിടിക്കാത്ത ചിത്രമായി കാലത്തിനിപ്പുറവും എന്റെ നെഞ്ചില്‍ ...?

Sentimental idiot said...

welcome to the shadows of life said...
നന്ദി സുഹൃത്തേ,
ഞാനും എന്തെക്കെയോ എഴുതാന്‍ ശ്രമിച്ചിട്ടുണ്ട് comments ഇല്ലെങ്കില്‍ തീര്‍ച്ചയായും വിഷമം ആണ്,കാരണം വിദ്യര്തിയായ എനിക്ക് എത്ര നാള്‍ ബാപ്പയുടെ പോക്കറ്റില്‍ കയ്യിട്ടു ബ്ലോഗും,
കമന്റ്സ് കാണണം എന്നുള്ള ആഗ്രഹതോടെയാണ് എന്നും കാഫെ യില്‍ വരുന്നത്,
പക്ഷെ മിക്കവാറും ആരും കാണില്ല,
ഏതായാലും സപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു
shafeek

March 16, 2008 4:44

ബഷീർ said...

ഇത്‌ കഥയാണെങ്കിലും അല്ലെങ്കിലും നിന്റെ കഥ ഞാന്‍ കഴിക്കും...

ഏതാടാ അവള്‍ ?

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മാഷെ നന്നായിരിക്കുന്നു ഇടനെഞ്ചില്‍ കൂടികൂട്ടി ഓര്‍മ്മിക്കുവാന്‍ അല്ലെങ്കില്‍ ഇങ്ങനെ ഒരു കുട്ടിക്കാലും ഉണ്ടായിരുന്നവര്‍ ഇല്ലെങ്കില്‍ മനസ്സിന്റെ താളുകളില്‍ കാത്തു സുക്ഷിച്ച മയില്പീലിയുടെ വര്‍ണ്ണം വിരിയുന്ന ആ നല്ല കാലത്തിലെയ്ക്ക് മനസ്സും ശരീരവും ഒരുപോലെ സഞ്ചരിച്ചൂ... തുടര്‍ന്നും എഴുതൂ,

ശ്രീ said...

നന്നായിരിയ്ക്കുന്നു മാഷേ ഈ കുറിപ്പ്. ഹൃദ്യമായ അവതരണം.
:)

Areekkodan | അരീക്കോടന്‍ said...

അവതരണം നന്നായിരിയ്ക്കുന്നു.

ഫസല്‍ ബിനാലി.. said...

അവസാന വരികള്‍ ശെരിക്കും ഫീല്‍ ചെയ്യുംവിധം അവതരിപ്പിച്ചു.
ആശംസകള്‍

തറവാടി said...
This comment has been removed by the author.
തറവാടി said...

upഎഴുത്തുകാരന്‍‌റ്റെ വികാരവിചാരങ്ങള്‍ വായനക്കാരനിലെത്തുമ്പോള്‍ എഴുത്ത് വിജയം വരിക്കുന്നു.

നൊമ്പരമുണ്ര്‍ത്തിയ പോസ്റ്റ് :)

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

ഷാഡോസ്‌ വരാം കമാന്റാം
ബഷീര്‍ക്കാ ചതിക്കല്ലെ അത്‌ വെറും കഥയല്ലെ...ഹാഹാഹ്ഹ്‌
സജി
ശ്രീ
ഫസല്‍
അരീക്കോടന്‍
തറവാടി
വന്നതിന്‌ നല്ലവാക്കിന്‌ നന്ദി